Friday, July 7, 2017

വിശപ്പിന്റെ ദൃക്സാക്ഷി

മഴയെത്തി നോക്കിയിട്ട് നാളുകളൊരുപാടായ പ്രദേശത്തൂടെയാണു അയാള്‍ കയറിയ ബസ് അപ്പോള്‍ സഞ്ചരിച്ചു കൊണ്ടിരുന്നത്.തലേ രാത്രിയില്‍ മൂത്രമണമുള്ള സെല്ലിലിരുന്നും കിടന്നും പൂര്‍ത്തിയാകാന്‍ കഴിയാത്ത ഉറക്കം ഒരു മയക്കത്തിലേയ്ക്ക് തള്ളിയിട്ട നേരത്ത് അയാളെ അലട്ടിയിരുന്നത് തന്റെ യാത്രയുടെ ദിശ മുന്നോട്ടാണോ പിന്നോട്ടാണോ എന്ന അസ്വഭാവികമായ സംശയമാണു.കാരണം മുന്നോട്ട് നീങ്ങി കൊണ്ടിരുന്ന ആ ബസിലെ അയാളുടെ യാത്ര പിന്നിലേയ്ക്കായിരുന്നു.വാങ്ങിയണിഞ്ഞിരുന്ന സത്വങ്ങള്‍ക്കും , ചോദിക്കാതെ എടുത്തുപയോഗിച്ചിരുന്ന പേരുകള്‍ക്കും അപ്പുറം താന്‍ ആരാണെന്നും എന്താണെന്നും രേഖപ്പെടുത്തി വാങ്ങാനുള്ള യാത്രയിലാണു അയാള്‍.ഇനി ജീവിക്കാന്‍ അത് ഒരാവശ്യമായി തീര്‍ന്നിരിക്കുന്നു.മുന്നോട്ട് പോയിരുന്ന ആ ബസില്‍ ഇന്നില്‍ നിന്നു കയറിയ അയാള്‍ എത്തിച്ചേരേണ്ടത് ഇന്നലെകളിലാണു,ശേഷം ജീവിക്ക്കേണ്ടത് നാളെകളിലും.

ബോധത്തിനും അബോധത്തിനും ഇടയിലെവിടെയോ ഇരുന്നു മയങ്ങിയത് കൊണ്ട് മൂക്കിലേയ്ക്ക് അടിച്ച് കയറിയ,നല്ല എരിവുള്ള അരപ്പ് തേച്ച് പിടിപ്പിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചു കൊണ്ടിരുന്ന പുഴമീനിന്റെ മണം ബസ് കടന്നു പോയ വഴിയിലെ ഹോട്ടലുകളൊന്നില്‍ നിന്നാണോ അതോ ഓര്‍മ്മകളില്‍ നിന്നാണോ എന്നു തിരിച്ചറിയാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.ഓര്‍മ്മകളില്‍ നിന്നാവുന്നതാണു അയാള്‍ക്ക് താത്പര്യം,കാരണം മനസ്സ് മതി എന്നു പറയുവോളം കാശു മുടക്കില്ലാതെ വിശപ്പ് മാറുവോളം അയാള്‍ക്ക് ആ പൊരിച്ച മീന്‍ കൂട്ടി ചോറുണ്ണാം.അവ്യക്തമായ ബാല്യകാലത്തിലെവിടെയോ അയാള്‍ക്ക് കായലരികില്‍ ഒരു നാടുണ്ട്,കൊള്ളാത്തത്ര ആളുകളുള്ള ഒരു വീടുണ്ട് , അടുക്കളപ്പെര മാത്രം ഓര്‍മ്മയിലുള്ള ഒരു സ്കൂളുണ്ട്,പിന്നെ കുറേ മുഖമില്ലാത്ത ആളുകളും,രൂപമില്ലാത്ത വഴികളും.ആ വഴികളിലൂടെ ഉച്ചക്കത്തെ കഞ്ഞിക്ക് ശേഷം സ്കൂളില്‍ നിന്നിറങ്ങി എങ്ങോട്ടെന്നില്ലാതെ നടന്നിരുന്ന ദിവസങ്ങളിലൊന്നിലാണു അനുവാദമില്ലാതെ ആദ്യമായി അയാളൊരു സാധനം എടുത്തത്.കവലയിലെ ചായപ്പീടികയുടെ അടുക്കളപ്പുറത്തു നിന്നും, നല്ല എരിവുള്ള അരപ്പ് തേച്ച് പിടിപ്പിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചു വച്ചിരുന്ന ഒരു മുഴുത്ത അയല.ആ ദിവസം തന്നെയാണു ജട്ടിയിലടുത്ത അവസാനത്തെ ബോട്ടില്‍ കയറി അയാള്‍ ആ നാടു വിട്ടത്.കാരണം ആ പ്രായത്തില്‍ അയാള്‍ക്ക് നല്ല വിശപ്പായിരുന്നു,ആ വിശപ്പ് മാറ്റാന്‍ അയാളുടെ വീടിനും നാടിനും പരിമിതികളും ഉണ്ടായിരുന്നു. വിശപ്പാണു എല്ലാം എന്നാണു ഇന്നത്തെ പോലെ അന്നും അയാളുടെ പക്ഷം.


വരണ്ടുണങ്ങിയ തരിശുകള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന ആ ബസിലിരുന്ന് മയങ്ങുന്ന അയാള്‍ ഇന്നു യാത്ര അവസാനിപ്പിക്കേണ്ടത് വര്‍ഷങ്ങള്‍ക്കപ്പുറം കയറിയ ബോട്ട് ഇന്നാ പഴയ ജട്ടിയിലടക്കുമ്പോഴാണു.അവിടെ അയാളെ അറിയാവുന്നവര്‍ ഇന്നാരുമില്ല.ഉണ്ടെന്നു അയാള്‍ പ്രതീക്ഷിക്കുന്നുമില്ല.പക്ഷേ ഒരു അവസാന ശ്രമം,നാളിതു വരെ നുണകള്‍ മാത്രം ഉത്തരമായി നല്‍കിയ രണ്ടു ചോദ്യങ്ങള്‍ക്കും,ഇല്ല എന്നു മാത്രം ഉത്തരം നല്‍കിയിട്ടുള്ള മൂന്നാം ചോദ്യത്തിനും ശരികള്‍ മറുപടിയായി പറയാനൊരു കൊതി.

പേരെന്താണു ?

നാടെവിടെയാണു ?

ഐ.ഡിയുണ്ടോ ?

ആദ്യ രണ്ട് ചോദ്യങ്ങള്‍ക്കും ഒരിക്കലും അയാള്‍ ഉത്തരം പറയാതിരുന്നിട്ടില്ല.വഴിയില്‍ കിടന്നു കിട്ടിയ പേരുകളും,കാലു ചുവട്ടിയ നാടുകളും ആരോടും അനുവാദം ചോദിക്കാതെ അയാള്‍ എടുത്തുപയോഗിച്ചിട്ടുണ്ട്,എപ്പോഴോ മറന്നു പോയ സ്വന്തം പേരും നാടുമൊഴികെ.പക്ഷേ മൂന്നാമത്തെ ചോദ്യം അയാളെ പതിവായി ഒരു നാട്ടില്‍ നിന്നു മറ്റൊന്നിലേയ്ക്കും,ഇടയ്ക്കൊക്കെ ഇന്നലെ രാത്രിയിലെ പോലെ സെല്ലുകളിലെ തണുപ്പുള്ള തറകളിലേയ്ക്കും ഓടിക്കാന്‍ തുടങ്ങിയിരിക്കുന്നു.സ്വന്തം ജീവിതം ജീവിച്ച് തീര്‍ക്കാന്‍ എന്തിനാണു ഒരു തിരിച്ചറിയല്‍ രേഖ എന്നത് , വിശപ്പ് മാറ്റാനുള്ള ഭക്ഷണത്തിനുള്ള വക എടുക്കുന്നത് എങ്ങനെയാണു കളവാകുന്നതെന്ന ചോദ്യം പോലെ അയാള്‍ക്ക് ഒരിക്കലും മനസ്സില്ലാകാത്ത ഒന്നായിരുന്നു.കാരണം അയാളെ സംബന്ധിച്ചിടത്തോളം പച്ച മനുഷ്യനും,അയാളുടെ വയറിന്റെ വിശപ്പും - അതു മാത്രമാണു ഈ ലോകത്തിലെ സത്യങ്ങള്‍.

വിശപ്പ് മാറ്റാന്‍ വേണ്ടി അയാള്‍ മോഷ്ടിച്ചിട്ടുണ്ട് ഒരുപാട് തവണ.പക്ഷേ കള്ളനാണെന്നു സമ്മതിച്ചിട്ടില്ല.കാരണം മേല്പറഞ്ഞത് തന്നെ.ആരെയും വേദനിപ്പിക്കാതെ,മോഷണവസ്തു പോലുമറിയാതെ,കൈയ്യടക്കം കൊണ്ട് സദസ്സിനെ അദ്ഭുതപ്പെടുത്തുന്ന ഒരു ജാലവിദ്യക്കാരന്റെ വഴക്കത്തോടെ അയാള്‍ ചെയ്ത മോഷണങ്ങളിലൊക്കെ ഒരു കലാകാരന്റെ കൈയ്യൊപ്പുണ്ടായിരുന്നു.അമ്പലപ്പറമ്പുകളിലെ ഉത്സവരാവുകളില്‍ അയാള്‍ ആവേശത്തോടെ കണ്ടു തീര്‍ത്ത കലാപ്രകടനങ്ങളില്‍ ഒന്നില്‍ പോലും അയാളുടെ പ്രകടനങ്ങളോളും കലയുണ്ടായിരുന്നില്ല എന്നത് അയാള്‍ തിരിച്ചറിഞ്ഞിരുന്നോ ? തിരിച്ചറിഞ്ഞിരുന്നിരിക്കണം.

അബോധത്തിലെ ഓര്‍മ്മകളില്‍ ,ഏതോ പൂരപ്പറമ്പില്‍ കലാശക്കൊട്ടിലേയ്ക്കെത്തിയ ഒരു മേളപ്പെരുക്കത്തിന്റെ തരിപ്പാണു അയാളെ യാത്രയിലേയ്ക്ക് തിരികെ കൊണ്ടു വന്നത്.ഉണര്‍ന്നെങ്കിലും മുന്നിലെ സീറ്റിന്റെ കമ്പിയിലേയ്ക്ക് ചാരിയുള്ള ഇരിപ്പില്‍ തന്നെയായിരുന്നു അയാള്‍.എവിടെയെത്തിയെന്നറിയാന്‍ പതിയെ അയാള്‍ കണ്ണുകള്‍ മാത്രമൊന്നുയര്‍ത്തി നേരെ നോക്കി.അയാളുടെ കാഴ്ച്ചകളെ മറച്ച് ഒരാള്‍ മുന്നിലിരുന്നിരുന്നു.പക്ഷെ അയാളുടെ കണ്ണുകളുടക്കിയത് കണ്മുന്നിലെ കഴുത്തില്‍ ചേര്‍ന്നു കിടന്നിരുന്ന രണ്ട് പവനോളം വരുന്ന ഒരു തടിച്ച സ്വര്‍ണ്ണമാലയിലാണു.

അപ്പോള്‍ അയാള്‍ക്ക് വീണ്ടും വിശന്നു തുടങ്ങിയിരുന്നു.ഒരു മാല വിഴുങ്ങാനുള്ളത്രേം വിശപ്പ്.

0 Comments: